മുംബൈ: ശത്രുരാജ്യങ്ങളുടെ അന്തർവാഹിനികളെ ചെറുക്കാനുള്ള ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി, തദ്ദേശീയമായി നിർമിച്ച അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പലായ 'ഐഎൻഎസ് മാംഗ്രോൾ ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. മാഹി-ക്ലാസ് സീരീസിലെ മൂന്നാമത് ചെറു യുദ്ധക്കപ്പലായ ഐഎൻഎസ് മാംഗ്രോൾ മുംബൈ നേവൽ ഡോക്യാർഡിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെസ്റ്റേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ സഞ്ജയ് വത്സായൻ സേനയ്ക്ക് സമർപ്പിച്ചു.
കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് നിർമിച്ച ഈ യുദ്ധക്കപ്പലിൽ 80 ശതമാനത്തിലധികം തദ്ദേശീയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. വലിയ യുദ്ധക്കപ്പലുകൾക്ക് എത്താൻ കഴിയാത്ത തീരദേശ കടൽമേഖലകളിലും തുറമുഖങ്ങൾ കേന്ദ്രീകരിച്ചും ശത്രുക്കളുടെ അന്തർവാഹിനികളെ കണ്ടെത്താനും തകർക്കാനും ഇതിന് കഴിയും. അഭയ് ഹൾ-മൗണ്ടഡ് സോണാർ, ലൈറ്റ്വെയ്റ്റ് ടോർപ്പിഡോകൾ, റോക്കറ്റ് ലോഞ്ചറുകൾ, പട്രോളിംഗിനുള്ള അത്യാധുനിക സംവിധാനങ്ങൾ എന്നിവ ഐഎൻഎസ് മാംഗ്രോളിൽ സജ്ജീകരിച്ചിട്ടുണ്ട്.
നിലവിലെ അയ്-ക്ലാസ് കോർവെറ്റുകൾക്ക് പകരമായാണ് ഈ പുതിയ കപ്പലുകൾ നാവികസേനയിൽ എത്തിക്കുന്നത്. രാജ്യത്തിന്റെ മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് പദ്ധതികൾക്ക് വലിയ ഊർജം പകരുന്നതാണ് പുതിയ യുദ്ധക്കപ്പലിന്റെ വരവ്.